കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ

സംഘടനാ ചരിത്രം

കേരളത്തിലെ സര്‍വ്വീസ് സംഘടനകളില്‍ അംഗബലത്തില്‍ ചെറുതെങ്കിലും കര്‍മ്മശേഷിയിലും പാരമ്പര്യത്തിലും അദ്വതീയമായ സ്ഥാനമാണ് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമര ചരിത്രത്തില്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത തിളക്കമുള്ള ഐതിഹാസിക സമരങ്ങള്‍ക്ക് അസോസിയേഷന്‍ ശക്തമായ പിന്തുണയും നേതൃത്വവും നല്‍കിയിട്ടുണ്ട്. ഐക്യകേരളപ്പിറവിക്കുശേഷമുള്ള ഒന്നാം കേരള നിയമസഭയ്ക്കൊപ്പം രൂപം കൊണ്ട അസോസിയേഷന്‍ വജ്രജൂബിലി പിന്നിട്ട് മുന്നോട്ടുകുതിക്കുന്ന അവസരത്തില്‍ അവകാശപോരാട്ടങ്ങളുടെ ഗതകാലസ്മരണകളെ അടയാളപ്പെടുത്തുക എന്ന ചരിത്രപരമായ ദൗത്യം കൂടി നിര്‍വ്വഹിക്കുകയാണ്.

നിയമസഭാ സെക്രട്ടേറിയറ്റ്

കേരള നിയമസഭാ സെക്രട്ടേറിയറ്റ് ഭരണഘടനയുടെ 187-ാം അനുച്ഛേദമനുസരിച്ചാണ് രൂപീകരിച്ചിട്ടുള്ളത്. തിരുവിതാംകൂറില്‍ 1904-ല്‍ രൂപീകൃതമായ ശ്രീമൂലം പ്രജാസഭയും തുടര്‍ന്ന് അസംബ്ലിയും കൗണ്‍സിലും ചേര്‍ന്ന ദ്വിമണ്ഡല സംവിധാനത്തിലുള്ള ഇരുസഭകളും 1938 വരെ സമ്മേളിച്ചിരുന്നത് വി.ജെ.ടി. ഹാളിലായിരുന്നു (നിലവില്‍ അയ്യങ്കാളി ഹാള്‍). നിയമനിര്‍മ്മാണ സഭകള്‍ സൗകര്യപ്രദമായി ചേരുന്നതിനായി സെക്രട്ടേറിയറ്റിനോടനുബന്ധിച്ച് നിയമസഭയ്ക്കുവേണ്ടി 1939-ല്‍ പുതിയ മന്ദിരം പണികഴിപ്പിച്ചതോടെ സഭാ സമ്മേളനങ്ങള്‍ അവിടെ വച്ച് നടത്താന്‍ തുടങ്ങി. 1949-ല്‍ തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതിനെത്തുടര്‍ന്ന് തിരു-കൊച്ചി നിയമസഭ നിലവില്‍ വന്നു. ആദ്യകാലത്ത് നിയമസഭയ്ക്ക് പ്രത്യേക സെക്രട്ടേറിയറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. നിയമനിര്‍മ്മാണം സംബന്ധിച്ച ജോലികള്‍ നിര്‍വ്വഹിച്ചിരുന്നത് ലോക്കല്‍ ആന്‍റ് ലെജിസ്ലേഷന്‍ വകുപ്പിലായിരുന്നു. 1948 ജൂണ്‍ 1-ന് തിരുവിതാംകൂര്‍ നിയമസഭാ ഓഫീസ് നിലവില്‍ വന്നുവെങ്കിലും ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ചീഫ് സെക്രട്ടറിയായിരുന്നു. 1949 ജൂലൈ 1-ന് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായപ്പോള്‍ നിയമസഭാ ഓഫീസ് പുനഃസംഘടിപ്പിച്ചു. തിരു-കൊച്ചി നിയമസഭാ സ്പീക്കറായിരുന്ന ടി.എം. വര്‍ഗ്ഗീസാണ് നിയമസഭയ്ക്ക് സ്പീക്കറുടെ നിയന്ത്രണത്തില്‍ പ്രത്യേക സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 187(3)ന്‍റെ അടിസ്ഥാനത്തില്‍ 1953-ല്‍ തിരു-കൊച്ചി നിയമസഭാ സെക്രട്ടേറിയറ്റ് (നിയമനവും സേവനവ്യവസ്ഥകളും) ചട്ടങ്ങള്‍ രൂപീകരിക്കുകയും 1950 ഡിസംബര്‍ 12 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തു. 1950-ല്‍ നിയമസഭാ സെക്രട്ടേറിയറ്റ് സ്ഥാപിതമായപ്പോള്‍ സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, സൂപ്രണ്ട്, എഡിറ്റര്‍ ഓഫ് ഡിബേറ്റ്സ് എന്നീ നാല് ഗസറ്റഡ് തസ്തികകള്‍ ഉള്‍പ്പെടെ എണ്‍പത്തിരണ്ട് ജീവനക്കാരാണുണ്ടായിരുന്നത്. 1956-ല്‍ സംസ്ഥാന പുനഃസംഘടനാ നിയമം വന്നതോടെ തിരു-കൊച്ചി, മലബാര്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഐക്യകേരളം പിറവിയെടുത്തു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ തിരു-കൊച്ചി നിയമസഭാ സെക്രട്ടേറിയറ്റ് ചട്ടങ്ങള്‍ കേരള നിയമസഭാ സെക്രട്ടേറിയറ്റിനും ബാധകമായി. 1979-ലെ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് (നിയമനവും സേവനവ്യവസ്ഥകളും) ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ സ്പീക്കറുടെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെട്ടു. നിയമസഭയ്ക്ക് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് പാളയത്ത് വികാസ് ഭവന് സമീപം പണികഴിപ്പിച്ച പുതിയ നിയമസഭാ സമുച്ചയത്തിന്‍റെ ഉദ്ഘാടനം 1998 മെയ് 22-ന് രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ നിര്‍വ്വഹിച്ചതോടെ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുതിയ മന്ദിരത്തിലേയ്ക്ക് മാറി.

സംഘടനയുടെ രൂപീകരണം

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957-ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്ത് വന്‍ സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നിലകൊണ്ട സര്‍ക്കാര്‍ കാര്‍ഷിക പരിഷ്കരണ നിയമവും വിദ്യാഭ്യാസ നിയമവും പാസ്സാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവും അലവന്‍സും എന്നതിനേക്കാള്‍ പ്രധാനം അത് ചോദിക്കാനുള്ള അവകാശമാണെന്ന മുഖ്യമന്ത്രി ഇ.എം.എസ്സിന്‍റെ പ്രഖ്യാപനം ജീവനക്കാരില്‍ സംഘടനാബോധവും ആവേശവുമുണര്‍ത്തി. നിയമസഭാ സെക്രട്ടേറിയറ്റിലും അതിന്‍റെ അലയൊലികളുണ്ടായി. സെക്രട്ടേറിയറ്റില്‍ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എന്ന പൊതുസംഘടന ഉണ്ടായിരുന്നെങ്കിലും നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പ്രത്യേക സംഘടന വേണമെന്ന ആവശ്യം ജീവനക്കാര്‍ക്കിടയില്‍ ശക്തമായി. കെ. ടി. ബാലകൃഷ്ണന്‍, ഇ.എന്‍. ശ്രീധരന്‍ നായര്‍, ആര്‍. ചന്ദ്രശേഖരന്‍ നായര്‍, ഡബ്ല്യൂ.എ. നൈനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ യോഗം ചേര്‍ന്ന് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുന്നതിന് തീരുമാനിച്ചു. അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി ജീവനക്കാര്‍ തയ്യാറാക്കിയ കരട് ബൈലായും സംഘടനാ രൂപീകരണത്തിനുള്ള അപേക്ഷയും 1957 ജൂലൈ 3-ന് അധികാരികള്‍ക്ക് സമര്‍പ്പിച്ചു. 1957 നവംബര്‍ 12-ലെ എല്‍.എ.17-889/57 എന്ന ഉത്തരവ് പ്രകാരം സ്പീക്കര്‍ രക്ഷാധികാരിയായി നിയമസഭാ സെക്രട്ടേറിയറ്റിലെ നോണ്‍-ഗസറ്റഡ് ജീവനക്കാരുടെ സംഘടന എന്ന നിലയില്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ രൂപീകരിക്കുന്നതിന് അനുമതി ലഭിച്ചു. 1957 നവംബര്‍ 15-ന് ക്യാന്‍റീന്‍ ഹാളില്‍ (നിലവില്‍ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലെ കോഫിഹൗസ്) ചേര്‍ന്ന ജീവനക്കാരുടെ പൊതുയോഗം അസോസിയേഷന്‍റെ രൂപീകരണം പൊതുസമ്മേളനമായി വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിക്കുകയും ആയതിലേയ്ക്കായി കെ.ടി. ബാലകൃഷ്ണന്‍ കണ്‍വീനറും ഡബ്ല്യൂ.എ. നൈനാന്‍ ട്രഷററുമായ ഒരു പതിനഞ്ചംഗ നിര്‍വ്വാഹക സമിതി രൂപീകരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ അസോസിയേഷന്‍റെ ബൈലാ ക്രമപ്പെടുത്തുന്നതിന് ആര്‍. ചന്ദ്രശേഖരന്‍ നായര്‍ കണ്‍വീനറായിട്ടുള്ള അഞ്ചംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. നിയമസഭാ സെക്രട്ടേറിയറ്റിലെ താഴ്ന്ന വിഭാഗം ജീവനക്കാരെക്കൂടി അസോസിയേഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത വിഭാഗത്തിലെ 32 ജീവനക്കാര്‍ നിവേദനം നല്‍കിയതിനെതുടര്‍ന്ന് കരട് ബൈലായില്‍ ഭേദഗതി വരുത്തി അവരെക്കൂടി അംഗങ്ങളാക്കുന്നതിന് 1957 ഡിസംബര്‍ 13-ന് ചേര്‍ന്ന പൊതുയോഗം തീരുമാനിക്കുകയുണ്ടായി.

1957 ഡിസംബര്‍ 20-ന് വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അസോസിയേഷന്‍ രൂപീകരണ സമ്മേളനം ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണ റാവു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനും ശേഷം വൈവിദ്ധ്യമാര്‍ന്ന വിവിധ കലാപരിപാടികളും അരങ്ങേറി. അസോസിയേഷന്‍റെ അഭ്യര്‍ത്ഥന മാനിച്ച് രൂപീകരണ സമ്മേളനത്തിന് വി.ജെ.ടി. ഹാള്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ചു. ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍, ലോകസഭാ സ്പീക്കര്‍ അനന്തശയനം അയങ്കാര്‍, രാജ്യസഭാ സെക്രട്ടറി ജനറല്‍ എസ്.എന്‍. മുഖര്‍ജി, ആന്ധ്രാപ്രദേശ് സ്പീക്കര്‍ എ. കലേശ്വര റാവു, മദ്രാസ് സ്പീക്കര്‍ യു. കൃഷ്ണറാവു, ഒറീസ സ്പീക്കര്‍ പണ്ഡിറ്റ് നീലകണ്ഠദാസ്, ബീഹാര്‍ സ്പീക്കര്‍ ബിന്ദേശ്വരി പ്രസാദ് വര്‍മ്മ തുടങ്ങി രാജ്യത്തെ പ്രമുഖര്‍ അസോസിയേഷന്‍റെ രൂപീകരണ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് കത്തയച്ചു.

ആദ്യകാല പ്രവര്‍ത്തനങ്ങള്‍

1958 ഏപ്രില്‍ 23, 24 തീയതികളില്‍ നടന്ന അസോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇ.എന്‍. ശ്രീധരന്‍ നായര്‍ പ്രസിഡന്‍റായും കെ. ടി. ബാലകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും എ.പി. എലിസബത്ത് ട്രഷററായും ആര്‍. ചന്ദ്രശേഖരന്‍ നായര്‍ വൈസ് പ്രസിഡന്‍റായും കെ. ബാലഗോപാലന്‍ ജോയിന്‍റ് സെക്രട്ടറിയായും എം. അലികുഞ്ഞ്, പി. ഭാരതി, പി. ഈശ്വര അയ്യര്‍, ജോസഫൈന്‍ ജോര്‍ജ്, സി. കുട്ടന്‍ പിള്ള, എ. പി. മാധവ പണിക്കര്‍, കെ. ആര്‍. രാമകൃഷ്ണപിള്ള, കെ. വേലായുധന്‍, ജി. സരോജിനിയമ്മ, വി. വിജയന്‍ മേനോന്‍ എന്നിവര്‍ അംഗങ്ങളായും പതിനഞ്ചംഗ നിര്‍വ്വാഹകസമിതി നിലവില്‍ വന്നു. 1958-ല്‍ അസോസിയേഷന്‍ അംഗങ്ങളായ ജീവനക്കാരുടെ ആകെ എണ്ണം 78 ആയിരുന്നു.

1958 ജൂണ്‍ 27-ന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ ഔപചാരികമായ ആദ്യ പൊതുയോഗം പ്രസിഡന്‍റ് ശ്രീ. ഇ.എന്‍. ശ്രീധരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പ്രത്യേക സ്റ്റാഫ് അസോസിയേഷന്‍ രൂപീകരിക്കുവാന്‍ അനുവാദം നല്‍കിയതിനും രക്ഷാധികാരിയാകാന്‍ സന്നദ്ധനായതിനും ബഹുമാനപ്പെട്ട സ്പീക്കറോടുള്ള നന്ദി രേഖപ്പെടുത്തുന്നു എന്ന ആദ്യ പ്രമേയം ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. സെക്രട്ടേറിയറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉത്തരവ് നിയമസഭാ സെക്രട്ടേറിയറ്റില്‍ നടപ്പില്‍ വരുത്തണമെന്നും ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലും മറ്റ് വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലും അനുവദിച്ചിട്ടുള്ളതുപോലെ ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിലും സ്റ്റാഫ് കൗണ്‍സില്‍ രൂപീകരിക്കണമെന്നും യോഗം സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

1958 സെപ്തംബര്‍ 12-ല്‍ നിയമസഭാ ക്യാന്‍റീനില്‍ കൂടിയ അസോസിയേഷന്‍റെ അസാധാരണ പൊതുയോഗത്തില്‍ അസോസിയേഷന്‍റെ രക്ഷാധികാരിയും കേരള നിയമസഭയുടെ പ്രഥമ സ്പീക്കറുമായ ആര്‍. ശങ്കരനാരായണന്‍ തമ്പി പങ്കെടുത്തു. കേവലം ഔദ്യോഗിക കാര്യങ്ങള്‍ മാത്രം നിര്‍വ്വഹിക്കുന്ന പൊതുജന സമ്പര്‍ക്കമില്ലാത്ത മനുഷ്യനാരായങ്ങളായി നിയമസഭാ ജീവനക്കാരെ കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കലാപരവും സാംസ്കാരികവുമായ വാസനകളെ ഉദ്ദീപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ സംഘടിപ്പിക്കണമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിയാലോചന നടത്തുമെന്നും തദവസരത്തില്‍ അദ്ദേഹം അറിയിച്ചു. പ്രസ്തുത യോഗത്തില്‍ നിര്‍വ്വാഹകസമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെ ക്ഷണിതാക്കളായി പങ്കെടുപ്പിച്ചു.

ജീവനക്കാരില്‍ നിന്നും വരിസംഖ്യ ഈടാക്കുന്നതിനു പുറമേ അസോസിയേഷന്‍റെ ധനശേഖരണാര്‍ത്ഥം എം.എല്‍.എ.മാരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് സിനിമാ പ്രദര്‍ശനം, നാടക പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ദി പാലാ സെന്‍ട്രല്‍ ബാങ്കിന്‍റെ തിരുവനന്തപുരം ശാഖയില്‍ നടത്തിയിരുന്ന അസോസിയേഷന്‍റെ പണമിടപാടുകള്‍ ബാങ്ക് ലിക്വിഡേഷനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുഖാന്തിരം നടത്താന്‍ 1960 ആഗസ്റ്റ് 17-ന് കൂടിയ നിര്‍വ്വാഹക സമിതി തീരുമാനിച്ചു. പാലാ സെന്‍ട്രല്‍ ബാങ്കിന്‍റെ തകര്‍ച്ച നിമിത്തം 1959-ല്‍ അസോസിയേഷന് വമ്പിച്ച ധനനഷ്ടമുണ്ടായി.

1958 നവംബര്‍ 18-ലെ നിര്‍വ്വാഹകസമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സഹായിക്കുന്നതിനായി 1960 എപ്രില്‍ മുതല്‍ അസോസിയേഷന്‍ ഒരു ഹ്രസ്വകാല വായ്പാ പദ്ധതി ആരംഭിക്കുകയും അംഗങ്ങള്‍ക്ക് മൂന്നുമാസ തിരിച്ചടവ് കാലാവധിയില്‍ വായ്പ അനുവദിക്കുകയും ചെയ്തു. അസോസിയേഷന്‍ യാത്രയയപ്പ് യോഗങ്ങളില്‍ തേയില സല്‍ക്കാരവും മംഗളപത്ര സമര്‍പ്പണവും പതിവായിരുന്നു. അസോസിയേഷന്‍റെ രക്ഷാധികാരിയായ സ്പീക്കര്‍ക്ക് ആദരവ് നല്‍കുന്നതിനായി അേ ഒീാല എന്ന പേരില്‍ ഒരു പരിപാടി ആദ്യവര്‍ഷങ്ങളില്‍ നടത്തിയിരുന്നു. ബഹു. സ്പീക്കര്‍ ആഗതനാകുമ്പോള്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിക്കുക, ടീ പാര്‍ട്ടി, അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ സ്വാഗതം, രക്ഷാധികാരിയുടെ മറുപടി പ്രസംഗം, ജനറല്‍ സെക്രട്ടറിയുടെ കൃതജ്ഞതാ പ്രസംഗം എന്ന രീതിയിലാണ് അവ ചിട്ടപ്പെടുത്തിയിരുന്നത്.

1962-ലെ ഇന്‍ഡ്യ- ചൈന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ യുദ്ധയത്നങ്ങളില്‍ സഹകരിക്കുന്നതിന്‍റെ ഭാഗമായി അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും ഒരു ദിവസത്തെ ഓവര്‍ടൈം അലവന്‍സ് പിരിച്ചെടുത്ത് കേരള മുഖ്യമന്ത്രിയുടെ പ്രതിരോധ നിധിയിലേയ്ക്ക് നല്‍കുകയുണ്ടായി. 1964-ല്‍ സംസ്ഥാനം കടുത്ത അരിക്ഷാമം നേരിട്ട സന്ദര്‍ഭത്തില്‍ ജീവനക്കാരെ സഹായിക്കുന്നതിനായി നിര്‍വ്വാഹകസമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫണ്ടില്‍ നിന്നും അംഗങ്ങള്‍ക്ക് താല്ക്കാലിക വായ്പ അനുവദിച്ചു. അത്തരത്തില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളിലും അസോസിയേഷന്‍റെ സജീവമായ ഇടപെടലുകള്‍ ആദ്യകാലം മുതലുണ്ടായിരുന്നു. 1964 ജനുവരി 23-ന് കൂടിയ നിര്‍വ്വാഹകസമിതി യോഗത്തില്‍ ഗസറ്റഡ് ഓഫീസര്‍മാരെ അസോസിയേഷനില്‍ അംഗങ്ങളാക്കി ചേര്‍ക്കണമെന്ന ആവശ്യം നിര്‍വ്വാഹക സമിതിയംഗമായ ടി.ഇ. മാധവന്‍ ഉന്നയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബൈലായില്‍ ഭേദഗതി വരുത്തി ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും അസോസിയേഷനില്‍ അംഗത്വം നല്‍കാന്‍ തീരുമാനിച്ചു.

ആദ്യകാല പ്രക്ഷോഭങ്ങള്‍

ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് 1959 ജൂലൈ 31-ന് ഇ.എം.എസ്. സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിട്ടത് കാരണം നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരെ മറ്റ് വകുപ്പുകളിലേയ്ക്ക് അയയ്ക്കുമെന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് 1959 സെപ്തംബര്‍ 2-ന് ചേര്‍ന്ന നിര്‍വ്വാഹക സമിതിയോഗം അതിനെതിരെ ശക്തമായ പ്രതിഷേധം അധികൃതരെ അറിയിച്ചു. ആന്ധ്രാപ്രദേശ്, ആസാം, മദ്രാസ് തുടങ്ങി ഇതര സംസ്ഥാനങ്ങളിലുള്ളതുപോലെ ലെജിസ്ലേച്ചര്‍ ഹോസ്റ്റലിന്‍റെ ഭരണപരമായ നിര്‍വ്വഹണവും നടത്തിപ്പ് ചുമതലയും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമാക്കണമെന്ന ആവശ്യം ആദ്യ വര്‍ഷം തന്നെ അസോസിയേഷന്‍ ഉയര്‍ത്തി.

സര്‍വ്വീസ് സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ 1958-ല്‍ സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട ഫെഡറേഷന്‍ ഓഫ് ദി കേരള സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സില്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ തുടക്കം മുതല്‍ അംഗമായിരുന്നു. ഉത്തര കേരള എന്‍.ജി.ഒ. അസോസിയേഷന്‍ അടക്കമുള്ള പതിനാല് സര്‍വ്വീസ് സംഘടനങ്ങള്‍ ഫെഡറേഷന്‍റെ ഭാഗമായിരുന്നു. 1961 ഫെബ്രുവരി 18, 19 തീയതികളില്‍ ഫെഡറേഷന്‍റെ നേതൃത്വത്തില്‍ വി.ജെ.ടി. ഹാളില്‍ ചേര്‍ന്ന സംയുക്ത കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെ.ഇ.ജെ. പോള്‍ പങ്കെടുത്തു. പ്രസ്തുത കണ്‍വെന്‍ഷനിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് എന്‍.ജി.ഒ.മാരുടെ കേന്ദ്രീകൃത സംഘടന എന്ന നിലയില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനമുണ്ടായത്. 1964 ഫെബ്രുവരി 8, 9 തീയതികളില്‍ തിരുവനന്തപുരത്തുവച്ച് നടത്തിയ എന്‍.ജി.ഒ. കണ്‍വെന്‍ഷനില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍റെ ക്ഷണമനുസരിച്ച് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ചന്ദ്രശേഖരന്‍ നായര്‍ പങ്കെടുത്തു.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള 1964-ലെ പ്രതിഷേധ പരിപാടികളില്‍ സെക്രട്ടേറിയറ്റ് അസോസിയേനുമായി സഹകരിച്ച് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ പങ്കെടുത്തു. വര്‍ദ്ധിച്ച ജീവിതച്ചെലവും ഭക്ഷ്യദൗര്‍ലഭ്യവും കണക്കിലെടുത്ത് ഇടക്കാലാശ്വാസം അനുവദിക്കുക, ശമ്പള കമ്മീഷനെ നിയമിക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വ്വീസ് സംഘടനകള്‍ നല്‍കിയ നിവേദനത്തിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ 1964 ഡിസംബര്‍ 5-ന് നിര്‍വ്വാഹകസമിതി പ്രമേയം പാസ്സാക്കി ഗവര്‍ണ്ണര്‍ക്കും ചീഫ് സെക്രട്ടറിക്കും നിയമസഭാ സെക്രട്ടറിക്കും അയച്ചു. തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ പൊതുയോഗ തീരുമാനപ്രകാരം സെക്രട്ടേറിയറ്റിലെ ഇതരസംഘടനകളുമായി ചേര്‍ന്ന് 1965 ജനുവരി 15 മുതല്‍ 22 വരെ നിരാശാവാരമായി (Frustration week) ആചരിച്ചു. പ്രതിഷേധസൂചകമായി ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചു. ജനുവരി 16 നിരാഹാര ദിനമായി ആചരിക്കുകയും ഉച്ചഭക്ഷണ സമയത്ത് സെക്രട്ടേറിയറ്റിലെ പുല്‍ത്തകിടിയില്‍ ജീവനക്കാര്‍ ഒത്തുകൂടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനും തുടര്‍ന്നുള്ള സമരപരിപാടികള്‍ എന്‍.ജി.ഒ. യൂണിയന്‍റെ സമരവുമായി കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടക്കാലാശ്വാസം എന്ന നിലയ്ക്ക് 7.50 രൂപ മുതല്‍ 15 രൂപ വരെ ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുകയും 1965 മാര്‍ച്ചില്‍ റിട്ടയേര്‍ഡ് ഐ.സി.എസ് ഉദ്യോഗസ്ഥന്‍ കെ.എം.ഉണ്ണിത്താന്‍ അദ്ധ്യക്ഷനായ ശമ്പള കമ്മീഷനെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമായിരുന്നു.

1965 മാര്‍ച്ച് മാസത്തില്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിടുകയും വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ ജീവനക്കാരെ പുറത്തുള്ള ഓഫീസുകളില്‍ അയയ്ക്കരുതെന്നും പ്രൊമോഷനുകള്‍ തടയരുതെന്നും ആവശ്യപ്പെട്ട് ഗവര്‍ണ്ണറുടെ അഡ്വൈസര്‍ക്ക് അസോസിയേഷന്‍ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ട്രാന്‍സ്ഫര്‍ ചെയ്ത ജീവനക്കാരുടെ പ്രൊമോഷനുകള്‍ തടയരുതെന്നും സ്റ്റാറ്റസനുസരിച്ചുള്ള ഓഫീസുകളില്‍ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാവൂ എന്നും അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിയോഗിച്ച നിയമസഭാ ജീവനക്കാര്‍ക്ക് എല്‍.പി.സി. കൊടുത്ത് പറഞ്ഞയക്കണമെന്നുള്ള അക്കൗണ്ടന്‍റ് ജനറലിന്‍റെ നിര്‍ദ്ദേശത്തില്‍ അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന്‍റെ സ്റ്റാറ്റസ് കീപ്പ് ചെയ്യുക, എവിടെയായാലും പ്രൊമോഷനുകള്‍ യഥാസമയം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.

1967-ലെ അനിശ്ചിതകാല പണിമുടക്ക്

കെ. എം. ഉണ്ണിത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 1966-ല്‍ നടന്ന ശമ്പള പരിഷ്കരണത്തില്‍ തുച്ഛമായ ആനുകൂല്യം മാത്രമാണ് ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ലഭിച്ചത്. ശമ്പള പരിഷ്കരണ ശുപാര്‍ശകള്‍ ബഹിഷ്കരിക്കുന്നതിനും ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സെക്രട്ടേറിയറ്റിലെ സഹോദര സംഘടനകളോട് യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും അസോസിയേഷന്‍ തീരുമാനമെടുത്തു. 1966 ഏപ്രില്‍ 6-ന് ശമ്പള പരിഷ്കരണ ബഹിഷ്കരണ ദിനമായി ആചരിക്കുന്നതിനുള്ള കേരള എന്‍.ജി.ഒ. യൂണിയന്‍റെ ആഹ്വാനം അസോസിയേഷന്‍ ഏറ്റെടുക്കുകയും പ്രതിഷേധ പ്രകടനത്തില്‍ പങ്കുചേരുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നോണ്‍ഗസറ്റഡ് ജീവനക്കാര്‍ 1967 ജനുവരി 5 മുതല്‍ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്കമായിരുന്നു അത്. ജനുവരി 5 മുതല്‍ 17 വരെ സംസ്ഥാന വ്യാപകമായി നടന്ന എന്‍.ജി.ഒ. സമരത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് അസോസിയേഷന്‍ പങ്കെടുക്കുകയും ആദ്യവസാനം മുഴുവന്‍ സംഘടനാംഗങ്ങളെയും അണിനിരത്തുകയും ചെയ്തു. രാജ്ഭവന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരായ കെ.പി. വിജയകുമാര്‍, റ്റി. വേലപ്പന്‍ നായര്‍ തുടങ്ങിയവര്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചത് എന്‍.ജി.ഒ. സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു.

പണിമുടക്കിന് ശേഷം ചേര്‍ന്ന അസോസിയേഷന്‍റെ പൊതുയോഗം ഐതിഹാസികമായ സമരത്തെ ദുര്‍ബലപ്പെടുത്തുന്നതിനായി ലീവെടുത്തുപോയ ചില അംഗങ്ങളുടെ നിലപാടിനെ അപലപിക്കുകയും പണിമുടക്കില്‍ പൂര്‍ണ്ണമായും പങ്കെടുക്കാത്ത അസോസിയേഷന്‍ അംഗമായ വി. ചെല്ലപ്പന്‍പിള്ളക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടിയന്തരഘട്ടത്തില്‍ ലീവെടുത്തുപോയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. പുരുഷോത്തമന്‍റെ നടപടിക്കെതിരെ നിശിത വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാനം രാജിവച്ചു. തന്‍റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ അദ്ദേഹത്തെ അനന്തരനടപടികളില്‍ നിന്നും പിന്നീട് ഒഴിവാക്കി.

രണ്ടുവര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1967 ഫെബ്രുവരി മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സൊഴികെയുള്ള കക്ഷികളുടെ കൂട്ടായ്മയായ സപ്തകക്ഷി മുന്നണി വിജയം നേടിയതോടെ ഇ.എം.എസ്. വീണ്ടും മുഖ്യമന്ത്രിയായി. സംസ്ഥാന ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുന്നതിനും ലീവ് സറണ്ടര്‍ ആനുകൂല്യം നടപ്പിലാക്കുന്നതിനും മുന്‍കയ്യെടുത്ത ഇ.എം.എസ്. സര്‍ക്കാര്‍ പണിമുടക്കിന്‍റെ പേരില്‍ സ്വീകരിച്ച എല്ലാ ശിക്ഷണനടപടികളും റദ്ദാക്കി.

1973-ലെ അനിശ്ചിതകാല പണിമുക്ക്

അസോസിയേഷന്‍റെ സംഘടനാ ചരിത്രത്തിലെ നാഴികകല്ലായി മാറിയ പണിമുടക്കമായിരുന്നു 1973 ജനുവരി 10 മുതല്‍ മാര്‍ച്ച് 4 വരെ വരെ നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടാമത്തെ അനിശ്ചിതകാല പണിമുടക്ക്. പണിമുടക്കാനുള്ള സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ ജീവിതക്ലേശങ്ങളെയും അധികാരികളുടെ പ്രാകൃതമായ മര്‍ദ്ദനമുറകളെയും അതിജീവിച്ച പോരാട്ടത്തില്‍ പതിനായിരത്തോളം ജീവനക്കാര്‍ വിവിധ കേസുകളില്‍ പ്രതികളാക്കപ്പെടുകയും അതിലേറെപേര്‍ സസ്പെന്‍റ് ചെയ്യപ്പെടുകയും ചെയ്തു. ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പണിമുടക്കത്തിന്‍റെ ആദ്യനാളുകളില്‍ സെക്രട്ടേറിയറ്റിലെ സര്‍വ്വീസ് സംഘടനകളുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. എന്നാല്‍ സമരം ശക്തമായി തുടര്‍ന്നപ്പോള്‍ ജനുവരി 17 മുതല്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയും നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ഭൂരിപക്ഷത്തെയും സമരത്തില്‍ അണിനിരത്തുകയും ചെയ്തു. പണിമുടക്കിനോട് വിരുദ്ധ നിലപാടുള്ള ഒരു വിഭാഗം ജീവനക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റിലും നിരവധി ജീവനക്കാര്‍ സസ്പെന്‍റ് ചെയ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിറ്റ് ഗേറ്റില്‍ മുദ്രാവാക്യം വിളിച്ച അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരുമായ നിയമസഭാ ജീവനക്കാരെ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ഇ. എന്‍. മുരളീധരന്‍ നായര്‍, എസ്. ശങ്കര്‍, കെ. വി. രാമചന്ദ്രന്‍, എം. ജി. ചന്ദ്രശേഖരന്‍ നായര്‍, പി. വി. രാജ്കുമാര്‍, എന്‍. ചന്ദ്രശേഖര പണിക്കര്‍ എന്നീ സംഘടനാ സഖാക്കളുടെ ഒരാഴ്ച നീണ്ട ജയില്‍വാസം സര്‍ക്കാര്‍ ജീവനക്കാരുടെ പോരാട്ടത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. അമ്പത്തിയാറു ദിവസം നീണ്ട ജീവനക്കാരുടെ അതിജീവന സമരം നിരുപാധികം പിന്‍വലിക്കപ്പെട്ടുവെങ്കിലും കേരളത്തിലെ സമര ചരിത്രത്തിലെ ഐതിഹാസിക സമരമായി 1973ലെ സമരം വിലയിരുത്തപ്പെട്ടു.

സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച പ്രസിഡന്‍റ് എന്‍. കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പ്രസിഡന്‍റും മുന്‍നേതാക്കളുമടക്കം 35-ഓളം പേര്‍ അസോസിയേഷനില്‍ നിന്ന് രാജി വയ്ക്കുകയും പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. നിഷ്പക്ഷരുടെ സംഘടനയെന്ന വ്യാജേന രൂപം കൊണ്ട പ്രസ്തുത സംഘടന പിന്നീട് സ്വഭാവികമായി വലതുപക്ഷാനുകൂല സംഘടനയായി മാറുകയും അന്തച്ഛിദ്രങ്ങളാല്‍ അടുത്ത കാലത്ത് പിളരുകയും ചെയ്തു. ഇടതുപക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോഴും വ്യത്യസ്ത നിലപാടുള്ളവരെയും ഒപ്പം നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന സംഘടനയെ സംബന്ധിച്ച് 1973-ലെ കൊഴിഞ്ഞുപോക്ക് തുടര്‍ന്നുള്ള സമരപോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുകയാണുണ്ടായത്.

എഫ്.എസ്.ഇ.ടി.ഒ. രൂപീകരണം

1973-ലെ പണിമുടക്കും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒരു പൊതു സംഘടനാവേദി ഉണ്ടാകണമെന്ന ധാരണ സര്‍വ്വീസ് സംഘടനകള്‍ക്കിടയില്‍ ഉടലെടുക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ 1973 ഒക്ടോബര്‍ 12-ന് ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന കൂട്ടായ്മ രൂപം കൊള്ളുകയും ചെയ്തു. സര്‍വ്വീസ് സംഘടനകളുടെ ആദ്യ കൂട്ടായ്മയിലെന്നപോലെ എഫ്.എസ്.ഇ.ടി.ഒ.യിലും അസോസിയേഷന്‍ തുടക്കം മുതല്‍ ഭാഗഭാക്കായിരുന്നു. രൂപീകരണം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശസംരക്ഷണ പോരാട്ടങ്ങള്‍ ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.

അടിയന്തരാവസ്ഥകാലവും തുടര്‍ പ്രക്ഷോഭങ്ങളും

പൗരാവകാശങ്ങളെല്ലാം റദ്ദുചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 1975 ജൂണ്‍ 26 ന് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥയെ തുടര്‍ന്ന് അധികാരവര്‍ഗ്ഗത്തിന്‍റെ അടിച്ചമര്‍ത്തലുകളും ജനാധിപത്യധ്വംസനങ്ങളും രാജ്യമെങ്ങും അരങ്ങേറി. സംസ്ഥാനത്ത് സര്‍വ്വീസ് സംഘടനാ നേതാക്കളെയും സംഘടനാ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി സര്‍ക്കാര്‍ ജയിലിലടച്ചു. എന്‍.ജി.ഒ. യൂണിയന്‍ വാര്‍ഷിക റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ പേരില്‍ സംഘടനാ നേതാവിനെയും റിപ്പോര്‍ട്ട് അടിച്ച കുന്നുകുഴി വിനോദ് പ്രസ് ഉടമയേയും അറസ്റ്റ് ചെയ്തു. അസോസിയേഷനെ സംബന്ധിച്ചും പരീക്ഷണ കാലഘട്ടമായിരുന്നു അത്. പ്രതിസന്ധിഘട്ടത്തിലും ഇതരസര്‍വ്വീസ് സംഘടനകളോടൊപ്പം ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ അസോസിയേഷന്‍ ശക്തമായി പോരാടി.

ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കാനള്ള 1983 ഫെബ്രുവരിയിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള്ള പ്രക്ഷോഭസമരത്തില്‍ ഇതര സര്‍വ്വീസ് സംഘടനകളോടൊപ്പം അസോസിയേഷനും അണിനിരന്നു. അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്ന് 1985 ആഗസ്റ്റ് 6 മുതല്‍ ആരംഭിച്ച അനിശ്ചിതകാലപണിമുടക്കം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് അംഗീകരിക്കുകയും നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഗസ്റ്റ് 17 ന് അവസാനിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ തുടര്‍ന്നു നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ അസോസിയേഷനുണ്ടായിരുന്നു.

2002-ലെ ഐതിഹാസിക പണിമുടക്ക്

ആന്‍റണി സര്‍ക്കാരിന്‍റെ 2002 ജനുവരി 16-ലെ കറുത്ത ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പ്രക്ഷോഭസമരം സമാനതകളില്ലാത്ത ചരിത്രസമരമായിരുന്നു. സമരകാലത്തും സമരാനന്തരവും നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ അധികാരി വര്‍ഗ്ഗം കൈക്കൊണ്ട ശിക്ഷണ നടപടികളും അതിനെതിരെ അസോസിയേഷന്‍ നടത്തിയ ഉജ്ജ്വലപോരാട്ടവും സര്‍ക്കാര്‍ ജീവനക്കാരുടെ അതിജീവന സമരപോരാട്ട ചരിത്രത്തിലെ തിളക്കമുള്ള ഏടാണ്. ജീവനക്കാര്‍ അതുവരെ അനുഭവിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും കവര്‍ന്നെടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ 2002 ഫെബ്രുവരി 6 ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കം 32 ദിവസം നീണ്ടു. നിയമസഭാ സെക്രട്ടേറിയറ്റില്‍ എന്‍.ജി.ഒ. സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിച്ച സ്പീക്കര്‍ വക്കം പുരുഷോത്തമന്‍റെ നടപടിയില്‍ പ്രതിഷേധിച്ച അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ശശിധരനെയും വിക്രമക്കുറുപ്പിനെയും ഫെബ്രുവരി 6-ന് തന്നെ സസ്പെന്‍റ് ചെയ്യുകയും ജനറല്‍ സെക്രട്ടറിക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്‍റെ മര്‍ദ്ദനമുറകളെയും കള്ളപ്രചാരണങ്ങളെയും അവഗണിച്ച് സമരം സംസ്ഥാനത്തൊട്ടാകെ ആളിപ്പടര്‍ന്നപ്പോള്‍ പോരാട്ടങ്ങളില്‍ ഒരു പടി മുന്നിലായി അസോസിയേഷന്‍ ചരിത്രത്തിലാദ്യമായി നിയമസഭാ കവാടങ്ങള്‍ പിക്കറ്റു ചെയ്തു. ഫെബ്രുവരി 25-ലെ ആദ്യ പിക്കറ്റിംഗില്‍ പങ്കെടുത്ത എം. അബ്ദുള്‍സലാം, ഡി. കൃഷ്ണന്‍ ആശാരി(ഡി. കൃഷ്ണന്‍), വി.ജി. റിജു, റ്റി.എസ്. പ്രേമാനന്ദ് എന്നിവരും ഓര്‍ഗനൈസേഷന്‍ അംഗമായ കെ. ശെല്‍വരാജും അറസ്റ്റുവരിച്ചു. സമരത്തിനെതിരായ സ്വന്തം സംഘടനയുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച ഓര്‍ഗനൈസേഷന്‍ അംഗത്തിന്‍റെ നടപടി നിയമസഭാ സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനയ്ക്ക് കനത്ത പ്രഹരമായി. രോഷാകുലനായ സ്പീക്കര്‍ അന്നേ ദിവസം പിക്കറ്റിംഗില്‍ പങ്കെടുത്തവരെയും പിന്തുണ നല്‍കിയ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. പരമേശ്വരന്‍ നായര്‍, എ. സുധാകരന്‍ നായര്‍, ബി. മഹേന്ദ്രകുമാര്‍, കെ. രവികുമാര്‍, സി.എസ്.ശാരദകുമാരി അമ്മ, ആര്‍. ശോഭന, എസ്. ലീലാമ്മ, ടി. ശൈരന്ദ്രി അടക്കമുള്ള സഖാക്കളെയും നേരത്തെ സസ്പെന്‍റ് ചെയ്ത സംഘടനാനേതാക്കളെയും ഉള്‍പ്പെടെ 15 പേരെ സസ്പെന്‍റ് ചെയ്ത് പത്രക്കുറിപ്പിറക്കി. ഫെബ്രുവരി 26-ന് നിയമസഭാ സെക്രട്ടേറിയറ്റിന് ചുറ്റും വന്‍ പോലീസ് സന്നാഹത്തെ അണിനിരത്തി ഭീകരാവസ്ഥ സൃഷ്ടിച്ചെങ്കിലും അധികാരികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രണ്ടു ഘട്ടങ്ങളിലായി സി.ശശികുമാര്‍, സി. സുശീല്‍കുമാര്‍, എം.കുട്ടന്‍നായര്‍, ആര്‍.എസ്. സന്തോഷ്കുമാര്‍, എം.കുഞ്ഞുമോന്‍, ബി. വിജയകുമാരന്‍, ജി.അനില്‍, എ.എം. സത്യപ്രകാശ് എന്നിങ്ങനെ അസോസിയേഷന്‍റെ എട്ട് സഖാക്കള്‍ അറസ്റ്റുവരിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമസഭാ സെക്രട്ടേറിയറ്റിനെ എസ്മയുടെ പരിധിയില്‍ കൊണ്ടുവരികയും അറസ്റ്റ് ചെയ്ത സഖാക്കളെ അന്നേദിവസം രാത്രി 11 മണിക്ക് ശേഷം സെന്‍ട്രല്‍ ജയിലിലടക്കുകയും ചെയ്തു. കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടുമെന്നറിഞ്ഞിട്ടും ധീരതയോടെ മുന്നോട്ടുവന്ന എസ്.ലീലാമ്മ, റ്റി. ശൈരന്ദ്രി എന്നീ വനിതാ സഖാക്കളും സഖാക്കള്‍ ടി. മനോഹരന്‍ നായര്‍, കെ.ജി. സുഗതരാജ് എന്നിവരും ഫെബ്രുവരി 28-ന് നിയമസഭാ കവാടം പിക്കറ്റ് ചെയ്ത് അറസ്റ്റു വരിച്ചു. ജീവനക്കാരുടെ ഐക്യബോധത്തിനും തളരാത്ത സമരവീര്യത്തിനും മുന്നില്‍ അടിപതറിയ സര്‍ക്കാര്‍ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയും 2002മാര്‍ച്ച് 9-ന് സമരം പിന്‍വലിക്കുകയും ചെയ്തു. സമരമുഖത്ത് ശ്രദ്ധാകേന്ദ്രമായ അസോസിയേഷനെതിരെ സമരാനന്തരവും സ്പീക്കര്‍ പ്രതികാരനടപടികള്‍ തുടര്‍ന്നു. ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിക്കാതെ അസോസിയേഷന്‍റെ സമരസഖാക്കളെ സസ്പെന്‍ഷനില്‍ നിര്‍ത്തിയതിനെതിരെ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. 2002 ഏപ്രില്‍ 9 മുതല്‍ 17 വരെ സെക്രട്ടേറിയറ്റ് നടയില്‍ നടന്ന റിലേ ധര്‍ണയില്‍ കെ. രാധാകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, എം.എ.ബേബി, സി. ദിവാകരന്‍, കെ. വരദരാജന്‍ തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും വിവിധ സര്‍വ്വീസ് സംഘടനനേതാക്കളും അണിനിരന്നു. മെയ് 6-ന് തിരുവനന്തപുരം നഗരത്തിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ച് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെയും ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ട് കാല്‍നട പ്രചരണജാഥകള്‍ നടത്തി. സ്പീക്കറുടെ വസതിയിലേയ്ക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. ഒടുവില്‍ പ്രതിപക്ഷ ഉപനേതാവ് സ. കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിദ്ധ്യത്തില്‍ 2002 ജൂണ്‍ 6ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 7ന് പതിനഞ്ച് സമരസഖാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സ്പീക്കര്‍ ഉത്തരവിറക്കിയതോടെ അസോസിയേഷന്‍റെ അഞ്ചുമാസം നീണ്ട സമാനതകളില്ലാത്ത പോരാട്ടത്തിന് പരിസമാപ്തിയായി.

പങ്കാളിത്ത പെന്‍ഷനെതിരെയുള്ള പ്രക്ഷോഭം

2013 ഏപ്രില്‍ മാസം മുതല്‍ സര്‍വ്വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ 2013 ജനുവരി 8 മുതല്‍ നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ 6 ദിവസത്തെ പണിമുടക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ നടന്ന രാജ്യത്തെ ആദ്യത്തെ ശ്രദ്ധേയമായ പോരാട്ടമായിരുന്നു. നിരവധി ജീവനക്കാര്‍ അറസ്റ്റിനും, കള്ളക്കേസിനും, സസ്പെന്‍ഷനും സ്ഥലംമാറ്റത്തിനും വിധേയരായി. നിയമസഭാ സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും പണിമുടക്കില്‍ അണിനിരത്തുവാന്‍ അസോസിയേഷന് കഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കാധാരമായ പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്.

പാര്‍ട്ട്ടൈം ജീവനക്കാര്‍ മുതല്‍ ഉന്നത തസ്തികയായ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന നിലയില്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും അവകാശാനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ നിലപാടുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അസോസിയേഷന്‍ വജ്രജൂബിലി പിന്നിട്ട് പ്രയാണം തുടരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശ സംരക്ഷണ പ്രക്ഷോഭങ്ങളിലെ യോജിച്ച പോരാട്ടത്തിലെന്നപോലെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന അധികാരികളുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ മുഖംനോക്കാതെ പ്രതികരിക്കാന്‍ എക്കാലവും അസോസിയേഷന്‍ കഴിഞ്ഞിട്ടുണ്ട്. റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ പുറമേ നിന്ന് നേരിട്ട് നിയമനം നല്‍കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ 1971ല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി. അസോസിയേഷന്‍റെ നിവേദനങ്ങളെ അവഗണിക്കുകയും ജനാധിപത്യ വിരുദ്ധവും ജീവനക്കാരെ ദ്രോഹിക്കുന്നതുമായ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതിനുമെതിരെ അസോസിയേഷന്‍റെ ആഹ്വാനപ്രകാരം നിയമസഭാ ജീവനക്കാര്‍ 1972 ഡിസംബര്‍ 13ന് ബാഡ്ജ് ധരിച്ച് പ്രതിഷേധനദിനമായി ആചരിച്ചു. 1975-77 കാലഘട്ടത്തില്‍ പി.എസ്.സി.യെ മറികടന്ന് എം.എല്‍.എ. ഹോസ്റ്റലില്‍ അനധികൃത നിയമനം നടത്തിയ അധികാരികളുടെ നടപടികള്‍ക്കെതിരെ അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരെ ബാധിക്കുന്ന തരത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ വന്‍തോതില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താനുള്ള പദ്ധതിക്കെതിരെ 1994 ആഗസ്റ്റ് 10ന് അസോസിയേഷന്‍ പ്രതിഷേധദിനം ആചരിച്ചു. നിയമസഭാ ജീവനക്കാരെ ദ്രോഹിക്കുന്ന അധികാരികളുടെ സമീപനത്തിനെതിരെ ചട്ടവിരുദ്ധമായ സര്‍ക്കുലറുകള്‍ പിന്‍വലിക്കുക, പ്രതികാരബുദ്ധിയോടെയുള്ള ശിക്ഷാനടപടികള്‍ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി അസോസിയേഷന്‍ 2013 ആഗസ്റ്റ് മാസം നിയമസഭാ കവാടത്തിന് സമീപം സംഘടിപ്പിച്ച ധര്‍ണ അധികാരികള്‍ക്ക് ശക്തമായ താക്കീതായി മാറി. ആരോഗ്യവകുപ്പിലെ ജീവനക്കാരിക്ക് ചട്ടവിരുദ്ധമായി നിയമസഭാ സെക്രട്ടേറിയറ്റില്‍ നിയമനം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി 19-ന് അസോസിയേഷന്‍ കരിദിനമാചരിച്ചു. ഓവര്‍ടൈം അലവന്‍സിന്‍റെ പേരില്‍ ജീവനക്കാരുടെ ആത്മാഭിമാനം പണയപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവിനെതിരെ അസോസിയേഷന്‍ ശക്തമായി പ്രതികരിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമര ചരിത്രത്തിലെ നാഴികകല്ലുകളായ പ്രക്ഷോഭങ്ങളില്‍ അസോസിയേഷന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. അവകാശസമരങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നുകൊണ്ട് നന്തന്‍കോട് വാര്‍ഡ് ഏറ്റെടുത്തു നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍, വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റെടുത്ത സിറ്റി സ്കൂള്‍ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്. ഓഖി അടക്കം പ്രകൃതിദുരന്തങ്ങളില്‍ പ്രാദേശിക പരിഗണനകള്‍ കൂടാതെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ അസോസിയേഷന്‍ എക്കാലവും മുന്നിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനും അസോസിയേഷന്‍ മുന്‍കയ്യെടുത്തു. മഹാപ്രളയത്തില്‍ ദുരിതബാധിതര്‍ക്കായി നാട് കൈകോര്‍ത്തപ്പോള്‍ അസോസിയേഷനും അതില്‍ കണ്ണിയായി. ദുരിതബാധിതര്‍ക്കായി വസ്ത്രങ്ങളും അവശ്യസാധനങ്ങളും സമാഹരിച്ച് കൈമാറുകയും പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂര്‍ പ്രദേശത്തെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി അസോസിയേഷന്‍ പങ്കാളിയായി. സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളെയും അണിനിരത്തി. ഒടുവിലെത്തിയ പ്രളയത്തിലും ദുരിതബാധിതര്‍ക്കായി അസോസിയേഷന്‍റെ സഹായഹസ്തങ്ങള്‍ നീണ്ടു. ജീവനക്കാരില്‍ നിന്ന് വസ്ത്രങ്ങളും അവശ്യസാധനങ്ങളും ദുരിതബാധിതര്‍ക്കും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കും കൈമാറി.

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ രൂപീകരണകാലം മുതൽ നാളിതുവരെയുള്ള പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും
വർഷംപ്രസിഡന്റ്ജനറൽ സെക്രട്ടറി
1958ഇ. എൻ. ശ്രീധരൻ നായർകെ. റ്റി. ബാലകൃഷ്ണൻ
1959ഇ. എൻ. ശ്രീധരൻ നായർകെ. റ്റി. ബാലകൃഷ്ണൻ
1960ഇ. എൻ. ശ്രീധരൻ നായർകെ. റ്റി. ബാലകൃഷ്ണൻ
1961എൻ. ചന്ദ്രശേഖരൻ നായർജെ. ഇ. ജെ. പോൾ
1962എം. രാമകൃഷ്ണ പിള്ളആർ. ചന്ദ്രശേഖരൻ നായർ
1963എം. രാമകൃഷ്ണ പിള്ളകെ. റ്റി. ബാലകൃഷ്ണൻ
1964കെ. കെ. ശങ്കരൻ*/ കെ. പി. നാരായൻ നമ്പിടികെ. റ്റി ബാലകൃഷ്ണൻ*/ കെ. ആർ. കൃഷ്ണപിള്ള
1965കെ. റ്റി. ബാലകൃഷ്ണൻവി. ജോൺസൺ
1966കെ. റ്റി. ബാലകൃഷ്ണൻവി. പുരുഷോത്തമൻ*
1967വി. വിജയൻ മേനോൻഎസ്. വേലായുധൻ നായർ
1968ജെ.ഇ.ജെ.പോൾപി. അച്യുതൻ നായർ
1969കെ. ആർ.കൃഷ്ണപിള്ളസി. ചന്ദ്രസേനൻ
1970കെ. ആർ.കൃഷ്ണപിള്ളസി. ചന്ദ്രസേനൻ
1971കെ. ആർ.കൃഷ്ണപിള്ളസി. ചന്ദ്രസേനൻ
1972കെ. ആർ. കൃഷ്ണപിള്ളകെ. ഗോപാലകൃഷ്ണനുണ്ണിത്താൻ
1973കെ. ആർ. കൃഷ്ണപിള്ള*കെ. ഗോപാലകൃഷ്ണനുണ്ണിത്താൻ
1974വി. ജോൺസൺപി. വി. രാജ്കുമാർ
1975പി. അച്യുതൻ നായർപി. വി. രാജ്കുമാർ
1976എസ്. ശങ്കർകെ. ഗോപാലകൃഷ്ണനുണ്ണിത്താൻ
1977എസ്. ശങ്കർകെ. ഗോപാലകൃഷ്ണനുണ്ണിത്താൻ
1978കെ. ഗോപാലകൃഷ്ണനുണ്ണിത്താൻആർ. പരമേശ്വരൻ
1979കെ. ഗോപാലകൃഷ്ണനുണ്ണിത്താൻആർ. പരമേശ്വരൻ
1980കെ. ഗോപാലകൃഷ്ണനുണ്ണിത്താൻആർ. പരമേശ്വരൻ
1981കെ. ഗോപാലകൃഷ്ണനുണ്ണിത്താൻആർ. പരമേശ്വരൻ
1982ജി. കൃഷ്ണപണിക്കൽപി. കേശവൻ നായർ
1983എസ്. രാധാകൃഷ്ണ കുറുപ്പ്പി. കേശവൻ നായർ
1984എം. അബ്ദുസലാംഎം. സി. കുട്ടപ്പൻ
1985എം. അബ്ദുസലാംപി. കേശവൻ നായർ
1986എം.നാരായണൻ പോറ്റിപി. കേശവൻ നായർ
1987എം. നാരായണൻ പോറ്റിഎം. അബ്ദുസലാം
1988എം. നാരായണൻ പോറ്റിഎം. അബ്ദുസലാം
1989എം. നാരായണൻ പോറ്റിഎം. അബ്ദുസലാം
1990എം. നാരായണൻ പോറ്റിഎം. അബ്ദുസലാം
1991സി. പി. മനോഹരന്‍എം. നാരായണൻ പോറ്റി
1992സി. പി. മനോഹരന്‍എം. നാരായണൻ പോറ്റി
1993സി. പി. മനോഹരൻഎം. നാരായണൻ പോറ്റി
1994ബി. പരമേശ്വരൻ നായർഎം. നാരായണൻ പോറ്റി
1995ബി. പരമേശ്വരൻ നായർഎം. നാരായണൻ പോറ്റി
1996ജെ. വിക്രമകുറുപ്പ്എം. നാരായണൻ പോറ്റി
1997ജെ. വിക്രമകുറുപ്പ്എം. നാരായണൻ പോറ്റി
1998ജെ. വിക്രമകുറുപ്പ്എം. നാരായണൻ പോറ്റി
1999കെ. ഗോപിടി. മനോഹരൻ നായർ
2000ജെ. വിക്രമകുറുപ്പ്എസ്. ശശിധരൻ
2001ബി. പരമേശ്വരൻ നായർഎസ്. ശശിധരൻ
2002ജെ. വിക്രമകുറുപ്പ്എസ്. ശശിധരൻ
2003എസ്. ലീലാമ്മഎസ്. ശശിധരൻ
2004എസ്. ലീലാമ്മഎസ്. ശശിധരൻ
2005എം. കുഞ്ഞുമോൻഎസ്. ശശിധരൻ
2006ജെ. വിക്രമകുറുപ്പ്ജെ. രാജേന്ദ്രകുമാർ
2007ജെ. വിക്രമകുറുപ്പ്ജെ. രാജേന്ദ്രകുമാർ
2008എസ്. തുളസീധരൻജെ. രാജേന്ദ്രകുമാർ
2009കെ. വേണുഗോപാൽഎസ്. തുളസീധരൻ
2010കെ. വേണുഗോപാൽഎസ്. തുളസീധരൻ
2011എച്ച്. എ. ഹാഷിംഎസ്. രാമദാസൻ പോറ്റി
2012ബി. മഹേന്ദ്രകുമാർആർ. എസ്. സന്തോഷ്‍കുമാർ
2013കെ. രാജേന്ദ്രകുമാർആർ. എസ്. സന്തോഷ്‍കുമാർ
2014കെ. രാജേന്ദ്രകുമാർആർ. എസ്. സന്തോഷ്‍കുമാർ
2015റ്റി. ഗോപകുമാർഡി. ഡി. ഗോഡ്ഫ്രി
2016റ്റി. ഗോപകുമാർഡി. ഡി. ഗോഡ്ഫ്രി
2017റ്റി. ഗോപകുമാർഡി. ഡി. ഗോഡ്ഫ്രി
2018റ്റി. ഗോപകുമാർഡി. ഡി. ഗോഡ്ഫ്രി*
2019സി. ശശികുമാർഎം. കുഞ്ഞുമോൻ
2020കെ. ഷൂജഎം. കുഞ്ഞുമോൻ
2021കെ. ഷൂജദീപക് എസ്. വി.